Wednesday, December 24, 2025

“സ്വാമിയേ ശരണമയ്യപ്പാ…” ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇങ്ങനെ…

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് (Mandala Makaravilakku) തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക. പ്രളയവും കൊറോണയും സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത് രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ശബരിമല തീർത്ഥാടനം പുനരാരംഭിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് വൈകിട്ട് ആറിന് ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ.

മാനദണ്ഡങ്ങൾ ഇങ്ങനെ

നടതുറക്കുന്ന ദിവസമായ ഇന്ന് ഭക്തർക്ക് പ്രവേശമില്ല. പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനാനുമതി. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കാണ് ദർശനാനുമതി. നാളേയ്‌ക്ക് 8,000 ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്‌നാനം അനുവദിക്കില്ല. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ദർശനത്തിനെത്തുന്നവർക്ക് രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആർടിപിസിആർ പരിശോധന നെഗറ്റീവ് ഫലം ഉള്ളവർക്കും ദർശനത്തിന് അനുമതി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തൽ ശബരിമല പാതയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രികാല യാത്രയ്‌ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ല ഭരണകൂടവും മറ്റ് വകുപ്പുകളും ചേർന്ന് അനിവാര്യമായ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസ് നടത്തും. ഭക്തരുടെ വാഹനങ്ങൾ നിലക്കൽ വരെ മാത്രമാണ് അനുവദിക്കുക. അവിടെ നിന്ന് പമ്പയിലേയ്‌ക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ വാഹന പാർക്കിംങ് അനുവദിക്കില്ല. കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. കൂടാതെ ഭക്തരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പ്രധാന വഴിപാടായ അരവണയുടെ നിർമ്മാണം ഈ മാസം 11 മുതൽ ആരംഭിച്ചിരുന്നു. അപ്പം, അരവണ എന്നിവയുൾപ്പെടെ ഉള്ള പ്രസാദങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

ഭക്തർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

മഴസമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം.

മല കയറുമ്പോള്‍ 2 മീറ്റര്‍ ശാരീരിക അകലം സ്വയം പാലിക്കണം.

വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കുക.സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്.

ഉപയോഗിച്ച മാസ്‌ക്, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്.

ഇടയ്ക്കിടെ കൈ വൃത്തിയാക്കണം. യാത്രയില്‍ സാനിറ്റൈസര്‍ കരുതേണ്ടതാണ്.

വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പര്‍ശിക്കരുത്.

പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കുക.

മൂന്ന് മാസത്തിനകം കോവിഡ് വന്നവര്‍ക്ക് മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.അതിനാല്‍ തീര്‍ത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പള്‍മണോളജി, കാര്‍ഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്.

Related Articles

Latest Articles