Sunday, May 12, 2024
spot_img

മകരവിളക്ക്: അയ്യപ്പഭക്തർക്കായി കെഎസ്ആര്‍ടിസി നടത്തിയത് 900ത്തിലധികം സ്പെഷ്യൽ ബസ് സർവീസുകൾ

പമ്പ: മകര ജ്യോതി ദര്‍ശനത്തിന് ശേഷം അയ്യപ്പ ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ എത്തുന്നതിനും കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് ദീര്‍ഘ ദൂരയാത്രയ്ക്കുമായി കെഎസ്ആര്‍ടിസി നടത്തിയത് 900 ബസ് സർവീസുകൾ (Makaravilakku Special Service Of KSRTC). നിലവില്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ക്കായി 60 എ. സി. ലോ ഫ്‌ലോര്‍ ബസുകള്‍ അടക്കം 180 ബസുകളാണ് ക്രമീകരിച്ചിരുന്നത്. ഇതിനോടൊപ്പം ദീര്‍ഘദൂര – ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍ക്കുമായി 50 ബസുകളും ക്രമീകരിച്ചിരുന്നു.

ഇതിനുപുറമെയാണ് ഡിപ്പോകളില്‍ നിന്നും മറ്റ് സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നുമായി 700 ബസുകള്‍ കൂടി അധികമായി സര്‍വീസ് നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാനത്തെ കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള എല്ലാ ഡിപ്പോകളില്‍ നിന്നുമായി മകരവിളക്ക് സ്‌പെഷ്യല്‍ സര്‍വ്വീസിനായി ബസുകള്‍ എത്തിച്ചത്. ജീവനക്കാരെയും, സൂപ്പര്‍വൈസറി ജീവനക്കാരെയും, ഓഫീസര്‍മാരേയും ജനുവരി 13 ന് രാവിലെ മുതല്‍ മുന്‍കൂട്ടി വിന്യസിച്ച് ബസുകള്‍ 14ന് രാവിലെ രാവിലെ 6 മണി മുതല്‍ പുറപ്പെട്ട് ഉച്ചക്ക് 3 മണിക്ക് മുന്‍പായി പമ്പയില്‍ എത്തിച്ചു. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ ത്രിവേണിയില്‍ നിന്നും, ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ പമ്പ-നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നുമാണ് സര്‍വ്വീസ് നടത്തിയത്. അതേസമയം പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ സേവനം അനുഷ്ടിച്ച ഓഫീസര്‍മാര്‍ അടക്കം മുഴുവന്‍ ഓഫീസര്‍മാരേയും, ജീവനക്കാരേയും സി എം ഡി ബിജു പ്രഭാകര്‍ ഐഎഎസ് അഭിനന്ദിച്ചു.

എന്നാൽ 450 ബസുകള്‍ അടങ്ങിയ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ ഒരു റൗണ്ട് പൂര്‍ത്തിയാക്കി നിലക്കല്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ എത്തിച്ചും ദീര്‍ഘ ദൂര യാത്രക്കാര്‍ എത്തിയ മുറയ്ക്ക് ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിച്ചതും എല്ലാ അയ്യപ്പ ഭക്തര്‍ക്കും ആശ്വാസമായി. ബസുകള്‍ പരിശോധിച്ച് കുറ്റമറ്റ രീതിയില്‍ പരിപാലിക്കുന്നതിന് ആറ് മെക്കാനിക്കല്‍ ജീവനക്കാര്‍ അടങ്ങിയ ടീമുകള്‍ നിലയ്ക്കല്‍, ചാലയ്ക്കയം, പ്ലാപ്പള്ളി, പമ്പ, പെരുനാട്, ളാഹ എന്നിവടങ്ങിലും പമ്പ ബസ് സ്റ്റേഷനിലും തയ്യാറാക്കി നിര്‍ത്തിയിരുന്നു.

Related Articles

Latest Articles