കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കൊച്ചിയിലെത്തി. എൻഐഎയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് സംഘം അന്വേഷണം നടത്തും. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാരിഖുമായി ഉടൻ തെളിവെടുപ്പ് നടത്തുമെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
സ്‌ഫോടനത്തിന് മുമ്പ് ആലുവയും പറവൂരും മുനമ്പവും കേസിലെ മുഖ്യ പ്രതിയായ ഷാരിഖ് സന്ദർശിച്ചിരുന്നു. നാലു ദിവസം ആലുവയിലും, രണ്ട് ദിവസം മുനമ്പത്തെ മത്സ്യബന്ധന ബോട്ടിലുമായിരുന്നു ഇയാൾ താമസിച്ചത് .
മുഹമ്മദ് ഷാരിഖിന്റെ കേരള സന്ദർശന ലക്ഷ്യങ്ങളും, ഇവിടെ നിന്ന് ഇയാൾക്ക് ലഭിച്ച സഹായങ്ങളും, കൊച്ചിയിൽ സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നിരുന്നോയെന്നുമാണ് എൻഐഎ അന്വേഷിക്കുന്നത്. തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്ന കർണാടക പോലീസും നേരത്തെ കേരളത്തിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെയായിരുന്നു ഷാരിഖ് തങ്ങിയ ലോഡ്ജിൽ കർണാടക പോലീസ് പരിശോധന നടത്തിയത്.
സ്‌ഫോടനത്തിനായി കുക്കർ ബോംബ് കൊണ്ടു പോകുമ്പോഴായിരുന്നു ഷാരിഖിന്റെ കൈയ്യിലിരുന്ന് ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഐസിസ് പോലുള്ള ഭീകര സംഘടനകളുമായി മുഹമ്മദ് ഷാരിഖിന് ബന്ധമുണ്ടായിരുന്നതായും പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

