Monday, December 15, 2025

മണിപ്പുര്‍ കലാപം; സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണത്തിന് കേന്ദ്രസർക്കാർ; സാമ്പത്തിക ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി

ദില്ലി : മണിപ്പുര്‍ കലാപത്തിനു പിന്നിലെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. കലാപകാരികൾ അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കുന്നത്. സംസ്ഥാനത്ത് ആറുമാസത്തിനിടെ നടന്ന 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളെക്കുറിച്ച് സാമ്പത്തിക ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.

വിദേശത്തുനിന്നുള്ള പണം വരവ്, സന്നദ്ധ സംഘടനകള്‍ക്കു ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ എന്നിവയും അന്വേഷണ വിധേയമാക്കും. പ്രാദേശിക നേതാക്കളുടെയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെയും അടക്കം 150 അക്കൗണ്ടുകള്‍ നിലവിൽ നിരീക്ഷണത്തിലാണ്. മണിപ്പുര്‍ ആസ്ഥാനമായ രണ്ട് കമ്പനികളെക്കുറിച്ചും അഞ്ച് ഓണ്‍ലൈന്‍ വാതുവയ്പ്പ് കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ രണ്ട് ഓൺലൈൻ കമ്പനികളെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നേരത്തെ ബ്ലോക് ചെയ്തിരുന്നു. അതേസമയം ഗോത്ര മേഖലയ്ക്കു സൈനിക സംരക്ഷണം അടക്കം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ് വിഭാഗവും തമ്മിലാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത് . മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷമായി വളർന്നത്.

മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. താഴ്വരയിലാണ് മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ,ന്യൂനപക്ഷമായ ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ പരാതി. ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുക്കി സായുധ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്തെയ് തീവ്രവിഭാഗങ്ങൾ സ്വന്തം വിഭാഗത്തിൽപെട്ട മന്ത്രിമാരുടെ വീടുകൾ ആക്രമിച്ചു.

Related Articles

Latest Articles