കൊച്ചി: മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പോലീസ് റിപ്പോർട്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് പറയുന്നു.
18.65 കോടി രൂപ മാത്രമാണ് സിനിമയ്‌ക്ക് ചെലവായത്. എന്നാൽ 22 കോടി രൂപയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരനായ പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. 22 കോടി രൂപ സിനിമയ്‌ക്ക് ചെലവായെന്ന നിർമാതാക്കളുടെ വാദം കളവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയെന്നും നിർമാതാക്കൾ തെറ്റിദ്ധരിപ്പിച്ചു.
40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ സൂപ്പർ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്ന് വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. 47 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതിക്കാരൻ പറയുന്നത്.
നേരത്തെ വിശ്വാസവഞ്ചന കേസിൽ മഞ്ഞുമൽ ബോയ്സ് നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകളിലാണ് കേസ്. നേരത്തെ പറവ ഫിലിംസിന്റെയും ഷോണ ആൻറണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. നിർമാതാക്കളുടെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

