Sunday, May 19, 2024
spot_img

ജാർഖണ്ഡിൽ നിന്നും ഛത്തീസ്‌ഗഡിൽ നിന്നും മാവോയിസ്റ്റ് ഭീകരർ കേരളത്തിലേക്ക് കടന്നു; മുപ്പതോളം ഭീകരരുടെ സാന്നിധ്യം വനമേഖലയിൽ സ്ഥിരീകരിച്ച് തണ്ടർ ബോൾട്ട്! മാവോയിസ്റ്റുകൾക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് കാണാതായ എസ് എഫ് ഐ നേതാവും ?

കണ്ണൂർ: ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്ന് മാവോയിസ്റ്റ് ഭീകരർ കേരളത്തിലെ വനമേഖലകളിൽ തമ്പടിക്കുന്നതായി സൂചന. കണ്ണൂർ വയനാട് ജില്ലകളിലെ വനമേഖലയിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. തുടർന്ന് കേരളാ പോലീസിന്റെ ഉന്നതതല യോഗം കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നിരുന്നു. കണ്ണൂർ ഡി ഐ ജി, സിറ്റി പോലീസ് കമ്മിഷണർ, റൂറൽ എസ് പി, വയനാട് ജില്ലാ പോലീസ് മേധാവി, തണ്ടർ ബോൾട്ടിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. കേരളത്തിലെ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ പോലീസിന്റെ വെടിയേറ്റ് മരിച്ചതിനു ശേഷം മാവോയിസ്റ്റ് സാന്നിധ്യം സംസ്ഥാനത്ത് ദുർബലമായതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് മാവോയിസ്റ്റുകളെ കേരളത്തിലേക്ക് മാറ്റാൻ സിപിഐ മാവോയിസ്റ്റ് കേന്ദ്ര നേതൃത്വം എടുത്ത തീരുമാനം കേന്ദ്ര ഇന്റലിജൻസ് ബ്യുറോ ചോർത്തിയിരുന്നു. ഇത് അന്ന് തന്നെ സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ഭീകരൻ സംസ്ഥാനാതിർത്തി കടക്കുന്നത് തടയാൻ കേരളാ പൊലീസിന് കഴിഞ്ഞില്ല.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പത്തംഗ സംഘമാണ് ഇപ്പോൾ കേരളത്തിലെ വനമേഖലയിൽ എത്തിയിട്ടുള്ളത്. ഇവരിൽ ചിലരെ തണ്ടർ ബോൾട്ട് സേനാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ സുരക്ഷാ സേന നടത്തുന്ന മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളും കേരളത്തിലേക്ക് മാറാൻ ഭീകരരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഫെബ്രുവരിയിൽ ആറളം വിയറ്റ്നാമിലെത്തിയ അഞ്ചംഗ സംഘത്തിലെ നാലുപേരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. കർണ്ണാടക സ്വദേശിയായ വിക്രം ഗൗഡ, ജിഷ, ജയണ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയതെന്ന് കേരള പോലീസ് ഇന്റലിജൻസും ഇപ്പോൾ സ്ഥിരീകരിക്കുന്നുണ്ട് . സിപിഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട സ്പെഷ്യൽ സോണൽ കമ്മിറ്റിയാണ് കേരളം തമിഴ്‌നാട് കർണ്ണാടക വനമേഖലയിൽ പ്രവർത്തിക്കുന്നത്. ഇവർക്ക് പ്രാദേശിക റിക്രൂട്ടിങ് നടത്താൻ കഴിയാത്തതിനാലാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ആളെയെത്തിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

കണ്ണൂരിലെ ഗോത്ര വർഗ്ഗത്തിൽ നിന്ന് 3 യുവാക്കളെ സംഘടനാ റിക്രൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് നിന്ന് കാണാതായ എസ് എഫ് ഐ നേതാവും ഇവരോടൊപ്പം ചേർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പുറത്ത് നിന്നെത്തിയ 10 പേർ ഉൾപ്പെടെ 30 അംഗ മാവോയിസ്റ്റ് സംഘം ഇപ്പോൾ കണ്ണൂർ വയനാട് വനമേഖലയിലുണ്ടെന്നാണ് വിവരം. 2023 ഫെബ്രുവരിയിലാണ് എസ് എഫ് ഐ നേതാവിനെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇയാൾ 2018 ൽ കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ഫിലോസഫി പി ജി കോഴ്‌സിന് ചേർന്നിരുന്നു. കോഴ്‌സ് കഴിഞ്ഞ ശേഷം കാര്യവട്ടത്തുതന്നെ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്ന എസ് എഫ് ഐ നേതാവ് തനിക്ക് ജോലി ലഭിച്ചെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വീട്ടുകാർക്ക് വിവരമൊന്നുമില്ല. അന്വേഷണത്തിന്റെ ഭാഗമായി മുറി പരിശോധിക്കുമ്പോഴാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പുസ്തകങ്ങളും ലഭിക്കുന്നത്. ഇയാൾ ഇപ്പോൾ 30 അംഗ മാവോയിസ്റ്റ് സംഘത്തോടൊപ്പമുണ്ടെന്നാണ് ഇപ്പോൾ പോലീസ് സ്ഥിരീകരുന്നത്.

Related Articles

Latest Articles