തൃശൂര്‍: മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍ പുഴയിലാണ് കഴിഞ്ഞ ദിവസം രാത്രി ആയുധ ധാരികളായ മൂന്നു മാവോയിസ്റ്റുകള്‍ എത്തിയത്. ഇതില്‍ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സോമന്‍, സന്തോഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
തുറക്കല്‍ ജോജോയുടെ വീട്ടില്‍ രാത്രി 8.30 ഓടെ എത്തിയ സംഘം തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കിക്കഴിച്ച സംഘം ഭക്ഷണ സാധനങ്ങളും ശേഖരിച്ച് രാത്രി 10.30 ഓടെ കാട്ടിലേക്ക് തന്നെ മടങ്ങി.
മലയാളം സംസാരിക്കുന്ന ആയുധധാരികളായ 3 അംഗ സംഘമാണ് ഇവിടെ എത്തിയത്. വീട്ടുകാര്‍ക്ക് ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്. കനല്‍പാത സിപിഐ മാവോയിസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ ലഘുലേഖയാണ് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നോട്ടീസില്‍ ഉള്ളത്.
കഴിഞ്ഞ മാസം കൂടരഞ്ഞി പൂവാറംതോടിലും അതിന് മുന്‍പ് തിരുവമ്പാടി പൊന്നാങ്കയത്തും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. തുടര്‍ച്ചയായി മാവോയിസ്റ്റുകള്‍ എത്തുന്ന സാഹചര്യത്തില്‍ മലയോര ജനത വലിയ ഭീതിയിലാണ്.

