Saturday, December 27, 2025

മരട് ഫ്‌ളാറ്റ് പൊളിക്കൽ: ഹോളിഫെയ്ത്തിൽ സ്ഫോടകവസ്തു നിറയ്ക്കൽ പൂർത്തിയായി; ആൽഫയിൽ ഇന്ന് തുടങ്ങും

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി സ്‌ഫോടക വസ്തുക്കൾ നിറക്കുന്ന ജോലി പുരോഗമിക്കുന്നു. പൊളിക്കാനുള്ള ഹോളിഫെയ്ത്ത് എച്ച് ടു ഒ യിൽ സ്ഫോടകവസ്തു നിറച്ചുതീർന്നു. 1,471 ദ്വാരങ്ങളിലാണ് 215 കിലോ സ്ഫോടകവസ്തു നിറയ്ക്കേണ്ടിയിരുന്നത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഇവിടത്തെ ജോലികൾ തുടങ്ങിയത്.

ഇപ്പോൾ ജെയിൻ കോറൽകോവിലാണ് സ്‌ഫോടക വസ്തു നിറക്കുന്നത്. 2,660 ദ്വാരങ്ങളിലായി 395 കിലോ സ്ഫോടകവസ്തുക്കളാണ് ഇവിടെ നിറയ്ക്കേണ്ടത്. രണ്ടു ദിവസത്തിനകം ഇത് പൂർത്തിയാകും.

ഇന്ന് ആൽഫ സെറീനിൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും. 3,598 ദ്വാരങ്ങളാണ് ഇവിടെയുള്ളത്. മൂന്നുദിവസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ആൽഫയിൽ 500 കിലോ സ്ഫോടകവസ്തു വേണ്ടിവരുമെന്നാണ് ആദ്യം കണക്കാക്കിയിരുന്നതെങ്കിലും ഇത് 400 കിലോയിലേക്ക് കുറയ്ക്കാൻ ശ്രമിക്കുകയാണെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ ആർ. വേണുഗോപാൽ പറഞ്ഞു. 9, 10 തീയതികളിലാണ് ഗോൾഡൻ കായലോരത്തിലെ സ്ഫോടകവസ്തു നിറയ്ക്കൽ. 960 ദ്വാരങ്ങളിൽ 15 കിലോ നിറയ്ക്കും.

Related Articles

Latest Articles