Sunday, May 19, 2024
spot_img

ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം: ജീവൻ രക്ഷിച്ചത് മകൻ, സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മരങ്ങാട്ടുപള്ളി: ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യ രക്ഷപെടാതിരിക്കാന്‍ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.

കേസിനാസ്പദമായ സംഭവം കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു. ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്കിനിടെ പലതവണ ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 18ന് പുലര്‍ച്ചെ ഒന്നരയ്ക്ക് പ്രതി ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ചത്.

വായില്‍ അരുചി അനുഭവപ്പെട്ടതോടെ ചാടിഎഴുന്നേറ്റ ഭാര്യ ബഹളം വച്ചു. ഇതോടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മകന്‍ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു.പൊലീസ് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ രക്ഷപെട്ട പ്രതിയെ പൊന്‍കുന്നത്തെ തറവാട്ട് വീട്ടില്‍ നിന്നാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles