Tuesday, May 21, 2024
spot_img

ഹണിട്രാപ്പിൽ നിന്ന് ട്രാക്ക് മാറ്റി വിവാഹ തട്ടിപ്പ്, അശ്വതി അച്ചു അറസ്റ്റിലായതോടെ അവസാനിക്കുന്നത് പോലീസിന്റെ തലവേദന

തിരുവനന്തപുരം : ഹണിട്രാപ്പ് തട്ടിപ്പ് പതിവാക്കി പൊലീസിന് തലവേദന സൃഷ്‌ടിച്ച അശ്വതി അച്ചു ഒടുവിൽ അറസ്റ്റിലായത് ഒരു വിവാഹത്തട്ടിപ്പു കേസിൽ. തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടു വയസ്സുകാരനായ വയോധികനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതി അച്ചുവിനെ പൂവാർ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

ഒട്ടേറെ പൊലീസുകാരും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പ്രമുഖരാണ് അശ്വതി അച്ചുവിന്റെ ഹണിട്രാപ്പിൽ കുടുങ്ങിയത്. രണ്ടര വര്‍ഷത്തോളം പൊലീസിനെ വട്ടംകറക്കിയ അശ്വതി ഇത്തവണ നടപ്പിലാക്കിയത് വിവാഹവാഗ്ദാനം നല്‍കിയുള്ള തട്ടിപ്പാണ്.

ഭാര്യ മരിച്ച ശേഷം ഭിന്നശേഷിയുള്ള മകനെ നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട അറുപത്തിയെട്ടുകാരൻ രണ്ടാം വിവാഹത്തിന് തീരുമാനിച്ചിരിക്കുകയായിരുന്നു. ചില ബ്രോക്കർമാർ വഴിയാണ് അശ്വതിയുമായി ബന്ധപ്പെടുന്നത്. വിവാഹനത്തിന് തയാറാണെന്നും എന്നാൽ തന്റെ കടം തീര്‍ക്കാനായി 40,000 രൂപ നല്‍കണമെന്നും അശ്വതി ആവശ്യപ്പെട്ടു. എന്നാൽ വയോധികനിൽ നിന്ന് പണം കിട്ടിയതോടെ ഇവരുടെ മട്ടുമാറി. വയോധികന്റെ കാളുകൾ എടുക്കാതെയായി. അറുപത്തിയെട്ടുകാരനെ നേരിട്ട് കണ്ടപ്പോള്‍ അസഭ്യം പറയുകയും ചെയ്തു.

ഇതോടെയാണ് ഇയാൾ പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ അശ്വതിക്കെതിരെ കേസെടുത്തിരുന്നു. കൊല്ലം റൂറലിലെ എസ്ഐ നല്‍കിയ പരാതിയിലായിരുന്നു ഇവർക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും അന്വേഷണം പാതി വഴി പിന്നിടും മുന്നേ നിലച്ചു. ഇത് പൊലീസില്‍ അശ്വതിക്കുള്ള പിടിപാട് കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കെയാണ് വിവാഹ തട്ടിപ്പ് കേസില്‍ ഇവർ അറസ്റ്റിലാകുന്നത്.

Related Articles

Latest Articles