Monday, June 17, 2024
spot_img

പെരിയാറിലെ മത്സ്യക്കുരുതി !സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി ! മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും റിപ്പോർട്ടുകൾ രണ്ട് തട്ടിലായ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ശുപാർശ

പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. സംഭവം നടന്ന് ഏഴു ദിവസങ്ങൾക്ക് ശേഷമാണ് ജില്ലാ കളക്ടർ ആദ്യഘട്ട റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും കുഫോസും (ഫിഷറീസ് സർവകലാശാല) രാസമാലിന്യത്തിന്‍റെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്നാണ് സബ് കളക്ടർ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.

കുഫോസിന്‍റെ പഠന സമിതിയുട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ജലസാമ്പിളിൽ മാരകമായ അളവിൽ രാസവസ്തുക്കളായ അമോണിയയുടെയും സൾഫൈഡിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ മാരകമായ അളവിൽ എങ്ങനെ പെരിയാറിലെ വെള്ളത്തില്‍ എത്തിയെന്നും എവിടെ നിന്നാണ് ഇവ എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പെരിയാറിലെ മത്സ്യക്കുരുതി, വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമാണെന്നും രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്‌.
രണ്ടാഴ്ചയ്ക്കം ഇതേ ഏജൻസികൾ അന്തിമ പഠന റിപ്പോർട്ട് നൽകിയാൽ വിശദമായ കണ്ടെത്തലുകളോടെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു.

അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പുഴയിൽ പരിശോധനകൾ കർശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കൽസ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അർജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസുമാണ് നൽകിയത്. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്.

Related Articles

Latest Articles