Tuesday, December 23, 2025

തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച; തിരുവണ്ണാമലയിൽ കവർന്നെടുത്തത് 75 ലക്ഷത്തോളം രൂപ !! മോഷ്ടാക്കൾ ഒരേ സമയം തകർത്തത് മൂന്ന് എസ്ബിഐ എടിഎമ്മുകളും വൺ ഇന്ത്യയുടെ ഒരു എടിഎമ്മും സിസിടിവികളും ഹാർഡ് ഡിസ്കുകളും തീയിട്ടു നശിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ഇന്നലെ രാത്രി മോഷ്ടാക്കൾ നാല് എടിഎമ്മുകൾ ഒരേ സമയം തകർത്ത് 75 ലക്ഷത്തിലേറെ രൂപ കവർന്നു .അർദ്ധരാത്രി ആളൊഴിഞ്ഞതിനു ശേഷം എടിഎം കൗണ്ടറിലെത്തിയ മോഷ്ടാക്കൾ ഷട്ടർ അടച്ചതിനു ശേഷം ഗ്യാസ് കട്ടർ അടക്കമുള്ള യന്ത്രങ്ങളുപയോഗിച്ച് എടിഎം മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. മോഷണശേഷം പിടിക്കപ്പെടാതിരിക്കാൻ വിദഗ്ദമായി സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ തീയിട്ടു നശിപ്പിച്ചു .

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്‍റെ ഒരു എടിഎമ്മുമാണ് സംഘം ഒരേ സമയം കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവർത്തിക്കുന്ന വൺഇന്ത്യയുടെ എടിഎം, പോലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവയാണ് കവർച്ചയ്ക്കിരയായത്.

കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്. എടിഎം മെഷീനുകൾക്കും സിസിടിവിക്കും തീയിട്ടതിനാൽ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂർ, കലശപ്പാക്കം എന്നിങ്ങനെ മൂന്നു പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കവർച്ച നടന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.

Related Articles

Latest Articles