തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച അർധരാത്രിയോടെ വടക്കൻ ബാങ്കോക്കിലെ നാ ലാഡ്പ്രാവോ പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. പരിക്കേറ്റ 63 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വേദിയിൽ സംഗീതപരിപാടി നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് സമീപമുള്ള സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയർന്നതാണ് ദുരന്തത്തിന്റെ തുടക്കമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തൊട്ടുപിന്നാലെ പബ്ബിലെ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെടുകയും വലിയൊരു സ്ഫോടന ശബ്ദത്തോടെ തീ പടരുകയുമായിരുന്നു. നിമിഷനേരം കൊണ്ട് ബാറിനുള്ളിൽ കറുത്ത പുക നിറഞ്ഞത് ആളുകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വൈദ്യുതി നിലച്ച് പൂർണ്ണമായും ഇരുട്ടിലായതും പുകപടലങ്ങൾ കാഴ്ച മറച്ചതും രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. ജീവൻ രക്ഷിക്കാനായി ആളുകൾ പരക്കം പായുന്നതിന്റെയും പ്രവേശന കവാടത്തിലൂടെ തീജ്വാലകൾ പുറത്തേക്ക് തള്ളുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തീപിടിത്തത്തിൽ അകപ്പെട്ട ഭൂരിഭാഗം പേരുടെയും മരണകാരണം ശ്വാസംമുട്ടലാണെന്ന് ബാങ്കോക്ക് ഗവർണർ ചഡ്ചാർട്ട് സിറ്റിപുന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ദുരന്തസ്ഥലം സന്ദർശിച്ച തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ സ്ഥിതിഗതികൾ വിലയിരുത്തി. പബ്ബിന്റെ പിൻഭാഗത്തുള്ള വിശ്രമമുറികളിൽ നിന്നും എമർജൻസി എക്സിറ്റിന് സമീപത്തുനിന്നുമാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തത്.
അഗ്നിശമന സേനാംഗങ്ങൾ ഏകദേശം 30 മിനിറ്റിലധികം കഠിനപ്രയത്നം നടത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ തായ് അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പബ്ബിന്റെ നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നും കെട്ടിടത്തിന് ആവശ്യമായ അനുമതികൾ ഉണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. കെട്ടിടത്തിനുള്ളിൽ കൃത്യമായി എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

