മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ വൻ ക്രമക്കേട്. ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. ആവശ്യസാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായത്.
ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടത്തിയത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ എട്ട് ജീവനക്കാർക്കെതിരെ കല്പഞ്ചേരി പോലീസ് കേസ് എടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി.ബെന്നിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.

