Monday, May 13, 2024
spot_img

ബെംഗളൂരു ഭീകരാക്രമണ പദ്ധതിയുടെ സൂത്രധാരൻ അഫ്ഗാനിൽ; മുഹമ്മദ് ജുനൈദിനെ ഭീകരവാദത്തിലെത്തിച്ചത് തടിയന്റവിട നസീർ; കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ വൻ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതിനിടെ പിടിയിലായ സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേരെയാണ് കഴിഞ്ഞദിവസം കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി) അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍ ഖാന്‍(24), മുഹമ്മദ് ഒമര്‍(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിര്‍ പാഷ(28), മുഹമ്മദ് ഫൈസല്‍(30) എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ് അഞ്ചുപേരും. ഇവർക്ക് നിർദേശങ്ങൾ നൽകിയിരുന്ന കര്‍ണാടകയിലെ സുല്‍ത്താന്‍പാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നാണ് ജുനൈദ് ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രമുഖ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021 ല്‍ രാജ്യം വിട്ട ഇയാള്‍ അഫ്ഗാനില്‍നിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.

ഹെബ്ബാള്‍ സുല്‍ത്താന്‍പാളയയില്‍ കന്നുകാലി കച്ചവടക്കാരനായി ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ഇയാൾ അപ്രതീക്ഷിതമായി തീവ്രവാദ ആശയങ്ങളിലെത്തുന്നത്. 2017-ല്‍ ഇയാളെ സാമ്പത്തിക തർക്കത്തെ തുടർന്ന് നൂര്‍ മുഹമ്മദ് എന്നയാള്‍ ഭാര്യയുടെ മുന്നിലിട്ട് അര്‍ധനഗ്നനാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ഇതിന് പ്രതികാരമായി 2017 സെപ്റ്റംബറിൽ ഇയാളും കൂട്ടാളികളും നൂര്‍ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു. കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെയാണ് ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ജുനൈദ് അടുക്കുന്നതും നസീർ വഴി ഇയാൾ തീവ്ര ആശയങ്ങളിലേക്ക് എത്തുന്നതും.

2019-ല്‍ കൊലക്കേസിൽ ജാമ്യംകിട്ടി പുറത്തിറങ്ങിയ ജുനൈദ് പിന്നീട് തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കാണ് തിരിഞ്ഞത്. രക്തചന്ദനം കടത്തിയ കേസില്‍ ഇടയ്ക്ക് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തുടര്‍ന്ന് 2021-ല്‍ തന്റെ തീവ്രവാദബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ അഫ്ഗാനിലേക്ക് കടന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് .

Related Articles

Latest Articles