Sunday, May 12, 2024
spot_img

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ യദു. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നും സച്ചിന്‍ദേവ് എംഎല്‍എ മോശമായി സംസാരിച്ചതായും യദു പറഞ്ഞു.

“പാളയത്തുവെച്ച് മേയർ കാര്‍ കുറുകെ കൊണ്ടിട്ടു. അവര്‍തന്നെ വന്ന് ഡോർ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. ഇതിനിടെ, സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി വാഹനം എടുക്കാനാകില്ലെന്ന് പറഞ്ഞു. ബസ് മുന്നോട്ടെടുത്താല്‍ അത് വേറെ വിഷയമാകുമെന്ന് പറഞ്ഞു. ഡ്യൂട്ടി സമയത്താണ് തന്റെയടുത്ത് മോശമായി സംസാരിച്ചത്.

മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നത്. പി.എം.ജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നു.

സുപ്പര്‍ഫാസ്റ്റ് ബസ്സായതിനാല്‍ വേഗത്തില്‍ തന്നെയായിരുന്നു. എന്നാല്‍, അവരെ ഇടിച്ചുതെറിപ്പിച്ച പോലെയാണ് ഇവര്‍ പറയുന്നത്. താന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിയമനടപടിയൊന്നുമെടുത്തില്ല. രസീത് പോലും നല്‍കിയില്ല. പരാതിയുമായി മുന്നോട്ട് പോകാൻതന്നെയാണ് തീരുമാനം.”- യദു പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതേ മുക്കാലോടെ തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. സംഭവത്തിൽ ഇന്നലെ രാത്രി തന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്.

Related Articles

Latest Articles