Wednesday, May 15, 2024
spot_img

സംപ്രേഷണ വിലക്ക്: മീഡിയ വണ്ണിന്റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി: സംപ്രേഷണ വിലക്ക് നീക്കാനായി മീഡിയവൺ (Media One) ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബ‌‌‌ഞ്ച് ആണ് അപ്പീൽ ഹർജികൾ പരിഗണിക്കുക. ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിൻ്റെ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരെയാണ് ഹര്‍ജി.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്‍റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും, ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാനലിനെ കേൾക്കാതെ ലൈസൻസ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അപ്പീൽ ഹർജിയിൽ പറയുന്നു. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മീഡിയ വണ്ണിനായി ഹാജരാകും.

കേന്ദ്രസർക്കാ‍ർ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ സിംഗിൾ ബഞ്ച് മീഡിയ വൺ ചാനലിന്‍റെ ഹർജി തള്ളിയത്. അപ്പീൽ നൽകുന്നതിനായി സംപ്രേഷണവിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും ഈ ഗുരുതരമായ വിവരങ്ങള്‍ കോടതി നിരീക്ഷിച്ചിട്ടുണ്ടന്നുമായിരുന്നു ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് എൻ നാഗരേഷ് വിധി പറഞ്ഞത്.

Related Articles

Latest Articles