മംഗളുരു: മംഗളുരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ ഔപചാരിക മാധ്യമ പ്രവര്‍ത്തകരല്ലെന്നു പോലീസ്. കമ്മീഷണര്‍ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. രേഖകള്‍ പരിശോധിച്ച് വരികയാണ്. അതിനുശേഷം ആവശ്യമായ രേഖകള്‍ ഉള്ളവരെ മാത്രം റിപ്പോര്‍ട്ടിംഗിന് അനുവദിക്കുമെന്നും പോലീസ് പറയുന്നു.
മംഗലാപുരത്തുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്കു സമീപം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണു പോലീസ് വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തത്.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. മാധ്യമ സംഘത്തില്‍നിന്നു കാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. ഡിജിപിയും ചീഫ് സെക്രട്ടറിയും കര്‍ണാടക ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ട്.

