വാഷിങ്ടൺ: ഇന്ത്യ-പാക് സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് ഇന്ത്യ അനുവദിക്കാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനുണ്ടായ നീരസമാണ് ഇന്ത്യക്കെതിരെയുള്ള ഇറക്കുമതി തീരുവ വർധനവിന് കാരണമായതെന്ന് അമേരിക്കൻ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ജെഫറീസ് . ഇന്ത്യ-പാക് തർക്കത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ട്രമ്പിന്റെ ശ്രമം ഇന്ത്യ നിരസിച്ചതോടെ ട്രമ്പിന്റെ നൊബേൽ സമ്മാനമെന്ന സ്വപ്നങ്ങൾക്ക് മങ്ങലേറ്റതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദീർഘകാലമായി തുടരുന്ന ശത്രുതാപരമായ നിലപാടുകൾ അവസാനിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ തനിക്ക് അവസരം ലഭിക്കാത്തതിൽ ട്രമ്പിനുണ്ടായ വ്യക്തിപരമായ അമർഷമാണ് ഉയർന്ന തീരുവയിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കുമേൽ ചുമത്തിയ അൻപത് ശതമാനം ഇറക്കുമതി തീരുവ അസാധാരണമാണെന്നും അമേരിക്കയുടെ പങ്കാളിത്ത രാഷ്ട്രങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാശ്മീർ ഉൾപ്പെടെ പാകിസ്ഥാനുമായി ദീർഘകാലമായി തുടരുന്ന തർക്കങ്ങളിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും താൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ള ആണവയുദ്ധം ഒഴിവായതെന്ന് ട്രമ്പ് പലതവണ അവകാശവാദം ഉന്നയിച്ചിരുന്നു. പാകിസ്ഥാന്റെ അപേക്ഷയെ തുടർന്നാണ് ഇന്ത്യ വെടിനിർത്തലിലേക്ക് കടന്നതെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടും ട്രമ്പ് തന്റെ വാദം ആവർത്തിച്ചു. ഈ വർഷമാദ്യം കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഇന്ത്യയുംഅമേരിക്കയും തമ്മിലുള്ള മറ്റൊരു തർക്ക വിഷയം കാർഷിക മേഖലയാണെന്നും റിപ്പോർട്ട് പറയുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുമെന്നതിനാൽ ഒരു ഇന്ത്യൻ സർക്കാരും കാർഷിക മേഖലയെ ഇറക്കുമതിക്കായി തുറന്നുകൊടുക്കാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.

