Tuesday, June 18, 2024
spot_img

കട്ടപ്പനയിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ; മരണത്തിൽ ദുരൂഹത

ഇടുക്കി: കട്ടപ്പനയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി ബെഞ്ചമിൻ ബസ്കിയെയാണ് കട്ടപ്പന കാഞ്ചിയാറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് ബസ്കി അഞ്ചംഗ സംഘത്തിനൊപ്പം ഝാർഖണ്ഡിൽ നിന്ന് കട്ടപ്പനയിൽ എത്തിയത്.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയതിനാൽ കൊവിഡ് നിരീക്ഷണത്തിലിരിക്കാനായി തോട്ടമുടമ ഇവർക്ക് പ്രത്യേക മുറി ഒരുക്കിയിരുന്നു. ഉച്ചഭക്ഷണമുണ്ടാക്കാനായി മുറിക്ക് പുറത്തിരുന്ന് പച്ചക്കറി അരിയുന്നതിനിടെ കയ്യിലിരുന്ന കത്തിയെടുത്ത് ബസ്കി കഴുത്തറുക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഉടൻ തന്നെ ഇക്കാര്യം തോട്ടമുടയെ അറിയിച്ചെങ്കിലും ബസ്കി രക്തം വാർന്ന് ഉടൻ മരിച്ചു. ബക്സിയുടേത് ആത്മഹത്യയെന്നാണ് മുറിയിലുണ്ടായിരുന്നവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഝാർഖണ്ഡിൽ നിന്ന് കട്ടപ്പനയിലേക്ക് വരുന്നതിനിടെ ബസ്കി വഴക്കുണ്ടാക്കിയിരുന്നെന്നും കൂടെയുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സംഘാംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചോദ്യം ചെയ്യലിന് ശേഷമേ മരണത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഇൻക്വിസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles