Sunday, June 16, 2024
spot_img

മിനി കൂപ്പർ വിവാദ നായകൻ സിഐടിയു നേതാവ് പി. കെ. അനിൽകുമാറിനെ ചുമതലകളിൽ നിന്നു നീക്കി; തീരുമാനം ഇന്ന് ചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ

കൊച്ചി : അമ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഢംബര കാർ മിനി കൂപ്പർ വാങ്ങിയതിന്റെ പേരിൽ വിവാദ നിഴലിലായ സിഐടിയു നേതാവ് പി. കെ. അനിൽകുമാറിനെ ചുമതലകളിൽനിന്ന് ഒഴിവാക്കി മുഖം രക്ഷിക്കാൻ സിപിഎം ശ്രമം.ഇന്ന് ചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു പി.കെ.അനിൽകുമാർ.

ഇരട്ടപദവി വഹിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി യൂണിയന്റെ പ്രസിഡന്റായ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനെയും ചുമതലയിൽനിന്നു നീക്കി. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ കമ്പനികളിലെ 4000 കരാർ തൊഴിലാളികൾ ഉൾപ്പെടുന്ന യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ഇന്നോവയടക്കമുള്ള വാഹനം സ്വന്തമായുള്ളപ്പോഴാണു അനിൽകുമാർ പുതിയ ആഡംബര കാർ വാങ്ങിയത്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള എന്തു വാങ്ങിയാലും അതു പാർട്ടിയെ അറിയിക്കണമെന്നാണു സിപിഎം അംഗങ്ങൾക്കുള്ള നിർദേശം. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണു കാർ വാങ്ങിയതെന്നായിരുന്നു അനിൽകുമാറിന്റെ വാദിച്ചത്.

Related Articles

Latest Articles