Monday, May 20, 2024
spot_img

കാണാതായ എ.എന്‍.-32 വിമാനത്തിലെ 13 പേരും മരിച്ചതായി വ്യോമസേന

ദില്ലി: മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.-32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. തിരച്ചില്‍ സംഘം വിമാനം തകര്‍ന്ന പ്രദേശത്തെത്തി. സൈനികരടങ്ങിയ സംഘം ഇവിടെ പരിശോധന നടത്തി വരികയാണ്.

അരുണാചലിലെ ലിപോ മേഖലയില്‍ ചൊവ്വാഴ്ച വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വ്യാമസേന അറിയിച്ചിരുന്നു. എട്ടു ദിവസത്തോളം നീണ്ട തിരിച്ചിലിനൊടുവിലാണ് വിമാനം കണ്ടെത്തിയത്. എം.ഐ.-17 ഹെലികോപ്റ്ററാണ് 12,000 അടി ഉയരത്തില്‍നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ തിരിച്ചില്‍ സംഘം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. കാണാതായ വിമാനത്തിലുള്ളവരാരും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു.

മൃതദേഹങ്ങളടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ തിരച്ചില്‍ സംഘം. വിമാനം തകര്‍ന്ന് വീണ പ്രദേശത്തേക്ക് ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്. ഇന്നലെ തന്നെ സംഘം ഇങ്ങോട്ടേക്കെത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ച് ഇന്ന് പുലര്‍ച്ച വീണ്ടും ശ്രമം നടത്തുകയായിരുന്നു.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ്കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍.കെ. ഷരിന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. ബ്ലാക്‌ബോക്‌സ് വീണ്ടെടുക്കാനുള്ള ശ്രമവുംനടക്കുന്നുണ്ട്. വ്യോമപാതയില്‍നിന്ന് 15-20 കിലോമീറ്റര്‍ വടക്കുമാറിയാണ് അവശിഷ്ടം കണ്ടെത്തിയത്.

എട്ടു വ്യോമസേനാംഗങ്ങളും അഞ്ചു യാത്രക്കാരുമായി അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുക വ്യോമത്താവളത്തിലേക്ക് ജൂണ്‍ മൂന്നിനു പുറപ്പെട്ട വിമാനമാണ് കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമായി.

Related Articles

Latest Articles