Friday, March 29, 2024
spot_img

പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ ചെറിയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി: യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് നീണ്ട തിരച്ചിലിനൊടുവിൽ

ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവി​​ന്റെ മൃതദേഹം കണ്ടെത്തി. ചെറിയനാട് കളിക്കാംപാലം ചക്കനാട്ടേത്ത് ചാക്കോ തോമസ്-ഷൈനി ദമ്പതികളുടെ മകന്‍ ഷൈബു ചാക്കോ(27)യുടെ മൃതദേഹമാണ്​ കണ്ടെത്തിയത്​. കഴിഞ്ഞ ദിവസമാണ്​ ഷൈബു ചാക്കോയെ ഒഴുക്കില്‍പെട്ട് കാണാതായത്. ഷൈബുവിനോടൊപ്പം നീന്തുകയായിരുന്ന ആലാ മേലാത്തറയില്‍ സുജിത്ത് (29) , ആലാ കല്ലേപ്പറമ്പില്‍ ഉണ്ണികൃഷ്ണന്‍ (27) എന്നിവരെ നാട്ടുകാരനായ പാണ്ടനാട് കൊട്ടാരത്തു വീട്ടില്‍ സോമന്‍ രക്ഷപെടുത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് നാലിന് മൂവരും ഒന്നിച്ചാണ് പാണ്ടനാട് മിത്രമഠം കടവില്‍ കുളിക്കാനെത്തിയത്. കടവില്‍ ഉണ്ടായിരുന്ന മുള ഉപയോഗിച്ച്‌ നീന്തുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ വിലക്കിയതിനെതുടര്‍ന്ന് മുള ഉപേക്ഷിച്ച്‌ നീന്തുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂവരും ഒഴുക്കില്‍ പെട്ടത്.ഷൈബു ഒഴുക്കില്‍പ്പെട്ട് പാലത്തി​ന്റെ സ്പാനിന് അടിയിലേക്ക്​ പോയതിനാല്‍ രക്ഷപെടുത്താന്‍ സാധിച്ചില്ല.

ഷൈബുവിന് വേണ്ടിയുള്ള തെരച്ചില്‍ രാത്രി വൈകിയും ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ വിളിച്ച്‌ അറിയിച്ചതനുസരിച്ച്‌ ആലപ്പുഴയില്‍ നിന്ന്​ ഇന്നലെ രാവിലെ 7.30ഓടെ എത്തിയ പ്രത്യേക പരിശീലനം ലഭിച്ച സ്ക്യൂബ സംഘമാണ് ഷൈബുവിന്റെ മൃതദേഹം മുങ്ങി എടുത്തത്. ഒപ്പം അസിസ്​റ്റന്‍റ്​ ഫയര്‍ ഓഫീസര്‍ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചിലിന് സഹായത്തിനായി എത്തിയിരുന്നു.

പാലത്തി​​ന്റെ സ്പാനിന് അടിയിലേക്ക്​ താഴ്ന്ന്​പോയ നിലയിലായിരുന്നു ഷൈബുവി​​ന്റെ മൃതദേഹം കിടന്നിരുന്നത്. തിരച്ചിലിന് ഒടുവില്‍10.30 ഓടു കൂടി മൃതദേഹം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ബുധനാഴ്​ച രാവിലെ വീട്ടിലെ ശുശ്രൂഷക്ക്​ ശേഷം 10.30ന് മാന്നാര്‍കുട്ടംമ്പേരൂര്‍ സെന്റ് മേരീസ് (മുട്ടേല്‍ ) ഓര്‍ത്തഡോക്സ് പളളി സെമിത്തേരിയില്‍ നടക്കും. ഷൈജു ഏകസഹോദരനാണ്​.

Related Articles

Latest Articles