Saturday, December 13, 2025

കൊടുങ്കാറ്റായി മിച്ചൽ സ്റ്റാർക്ക്!!
തകർന്ന് വീണ് ഇന്ത്യൻ ബാറ്റിംഗ് നിര

വിശാഖപട്ടണം : മിച്ചൽ സ്റ്റാർക്ക് കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞു. 26 ഓവറിൽ വെറും 117 റണ്‍സിനാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര ഓള്‍ ഔട്ടായത്. റണ്ണൊഴുകുമെന്ന് കരുതിയ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഫലത്തിൽ കരയുകയായിരുന്നു.

31 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാനം ചെറുത്ത് നിൽപ്പ് നടത്തിയ അക്ഷര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചുവിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് ഓസീസ് പേസര്‍മാരാണ്. ഏകദിനത്തിൽ സ്വന്തം മണ്ണിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ചെറിയ നാലാമത്തെ ടീം സ്കോറാണിത്.

ഇന്നിങ്സിലെ മൂന്നാമത്തെ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെട്ടു. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. ഗില്‍ മടങ്ങുമ്പോള്‍ മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് രോഹിതും കോലിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അടുത്തടുത്ത പന്തുകളിൽ രോഹിതിനും സൂര്യകുമാർ യാദവിനെയും മടക്കി സ്റ്റാർക്ക് വീണ്ടും ആഞ്ഞടിച്ചു. പിന്നാലെ കെഎൽ രാഹുലും സ്റ്റാർക്കിന് മുന്നിൽ അടിയറവു പറഞ്ഞപ്പോൾ ഹർദിക് പാണ്ഡ്യ അബോട്ടിന്റെ പന്തിൽ സ്റ്റീവ് സ്മിത്തിന് പിടികൊടുത്തു. പിന്നീട് ക്രീസിലൊന്നിച്ച കോലി-രവീന്ദ്ര ജഡേജ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നുപതിയെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ കൃത്യമായ ബൗളിങ് മാറ്റം കൊണ്ടുവന്നുകൊണ്ട് ഓസീസ് നായകന്‍ സ്മിത്ത് ഈ നീക്കം പൊളിച്ചു.

തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിരാട് കോഹ്ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി എല്ലിസ് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. പിന്നാലെ ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ജഡേജ പൊരുതിനോക്കിയെങ്കിലും എല്ലിസിന്റെ പന്തിന് മുന്നില്‍ താരവും വീണു. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കേ എല്ലിസിന്റെ പന്തില്‍ 16 റണ്‍സെടുത്ത ജഡേജയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പിടികൂടി.

പിന്നീട് വിക്കറ്റുകള്‍ തുടര്‍ച്ചയായി കൊഴിഞ്ഞു വീണു . കുല്‍ദീപ് യാദവ്(4), മുഹമ്മദ് ഷമി (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോൾ ഇന്ത്യ 26 ഓവറില്‍ വെറും 117 റണ്‍സെന്ന കുഞ്ഞൻ സ്‌കോറിൽ ഓള്‍ ഔട്ടായി. അക്ഷര്‍ പട്ടേല്‍ 29 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

സ്റ്റാര്‍ക്ക് എട്ടോവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. സീന്‍ അബോട്ട് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Related Articles

Latest Articles