Sunday, May 19, 2024
spot_img

അമൃത്പാൽ രക്ഷപ്പെടാനുപയോഗിച്ച വാഹനവും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു; അറസ്റ്റ് ഉടനെയുണ്ടായേക്കും

ജലന്ധര്‍ : ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കം ദ്രുതഗതിയിൽ നടക്കുന്നതിനിടെ ഇയാൾ രക്ഷപ്പെടാനുപയോഗിച്ച വാഹനവും നിരവധി ആയുധങ്ങളും പഞ്ചാബ് പോലീസ് പിടിച്ചെടുത്തു. സിങ്ങിന്റെ ഏഴ് അനുനായികളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. രക്ഷപ്പെടാനുപയോഗിച്ച വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെടുത്തത്. അമൃത്പാല്‍ സിങ് അസാമിലേക്ക് കടന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു.തുടർന്ന് പിടിയിലായ ഏതാനും അനുനായികളോടൊപ്പം മുപ്പതംഗ പോലീസ് സംഘം വിമാനമാർഗം അസാമിലെത്തിയിരുന്നു.

തോക്കും വെടിയുണ്ടകളും കൃപാണും അടക്കമുള്ളവയാണ് പോലീസ് പിടിച്ചെടുത്തത്. അതേസമയം പഞ്ചാബിലെയും ജലന്ധറിലെയും കൃമസമാധാനനില തൃപ്തികരമാണെന്ന് ജലന്ധര്‍ റൂറല്‍ എസ്.എസ്.പി സ്വര്‍ണദീപ് സിങ് അറിയിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അമൃത്പാൽ സിങ് രക്ഷപ്പെട്ടതെന്നും ഇയാളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ജലന്ധര്‍ പോലീസ് കമ്മീഷണര്‍ കെ.എസ് ഛഹല്‍ വ്യക്തമാക്കി. 25 കിലോമീറ്ററോളം പോലീസ് സിങ്ങിനെ പിന്തുടര്‍ന്നിരുന്നുവെങ്കിലും പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടെന്നും ഇയാളെ പിടികൂടുന്നതുവരെ വിവിധയിടങ്ങളില്‍ തിരച്ചിലുകള്‍ തുടരുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചു .

Related Articles

Latest Articles