ന്യൂയോർക്ക്: കൊറോണ വൈറസിനെതിരെ 94.5% ഫലപ്രദമായ വാക്സിനുമായി യുഎസ് മരുന്നു നർമ്മാതാക്കളായ മോഡേണ. ക്ലിനിക്കൽ ട്രയൽ വിജയകരമായതോടെ വൈകാതെ തന്നെ ഇത് ജനങ്ങളിൽ പരീക്ഷിക്കുംമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎസ് ഹെൽത്ത് ആന്റ് ഹ്യൂമൻ സര്വീസസ് സെക്രട്ടറി അലക്സ് അസർ ആണ് മോഡേണ കൊറോണ വൈറസ് വാക്സിൻ ട്രയൽ വാർത്തയെ പുറം ലോകത്ത് അറിയിച്ചത്.
കൊറോണ വൈറസിനെതിരെ അമേരിക്കയിൽ നിന്നും വിജയം കണ്ട രണ്ടാമത്തെ വാക്സിനാണിത്. കഴിഞ്ഞ ആഴ്ച, ഫൈസർ എന്ന മരുന്നു കമ്പനി ഇത്തരമൊരു വാക്സിൻ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ അതിന്റെ പ്രായോഗിക പ്രശ്നങ്ങൾ രൂക്ഷമായിരുന്നു.
വാക്സിന് രോഗത്തിനെതിരെ 90% ത്തിലധികം ഫലപ്രദമായിരുന്നുവെങ്കിലും ഉപയോഗത്തിലത് പലതരത്തിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഫൈസറിന്റെ വാക്സിന് മൈനസ് 75 ഡിഗ്രി സെൽഷ്യസിൽ അഥവാ മൈനസ് 103 ഡിഗ്രി ഫാരൻ ഹീറ്റിലായിരുന്നു സൂക്ഷിക്കേണ്ടത്. മറ്റൊരു വാക്സിനും ഇത്ര തണുപ്പിൽ സൂക്ഷിക്കേണ്ടതില്ല. അതു കൊണ്ടു തന്നെ ഇത്തരത്തിൽ വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസറുകളുടെ അഭാവം വലിയ തോതിൽ പ്രശ്നമായിരുന്നു. വാക്സിൻ വിതരണം ചെയ്യേണ്ടുന്ന ഡോക്ടർമാരുടെ ഓഫീസുകളിലും ഫാർമസികളിലും ഇതു സൂക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്തതോടെ ഫൈസറിനോട് പരീക്ഷണം തുടരാനായിരുന്നു അധികൃതരുടെ നിർദ്ദേശം.
എന്നാൽ മോഡേണയുടെ വാക്സിൻ മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചാൽ മതി. ചിക്കൻപോക്സു പോലെയുള്ള രോഗങ്ങൾക്കെതിരേയുള്ള വാക്സിനുകൾ ഈ താപനിലയിലാണ് സൂക്ഷിക്കുന്നത്. മോഡേണയുടെ വാക്സിന്റെ മറ്റൊരു ഗുണം 30 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നതാണ്. ഫൈസറിന്റെ വാക്സിൻ ഫ്രീസറിൽ പരമാവധി അഞ്ച് ദിവസം മാത്രമേ നിലനില്ക്കൂ. മോഡേണ, ഫൈസർ വാക്സിനുകൾ ഇതിനകം തന്നെ ഉല്പാദിപ്പിക്കപ്പെടുന്നതിനാൽ ഡിസംബർ അവസാനത്തോടെ അമേരിക്കയിലെ ഏറ്റവും ദുർബലരായ 20 ദശലക്ഷം പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. കുത്തിവയ്പ്പുകൾ ഡിസംബർ രണ്ടാം പകുതിയിൽ ആരംഭിക്കും. രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് ഒരേ സാങ്കേതികതയാണ് ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകൾക്ക് ഉപയോഗിക്കുന്നത്.

