Thursday, January 1, 2026

കോൺഗ്രസിലുള്ളവർ അഴിമതിക്കാരും വികസനം മുടക്കികളും; ബിജെപിയുടെ ഡബിൾ എഞ്ചിൻ സര്‍ക്കാര്‍ ഹിമാചലില്‍ തുടരണം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനെതിരെ രൂക്ഷ വിമ‌ർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിൽ. എല്ലാ സംസ്ഥാനങ്ങളും കോൺഗ്രസിനെ കൈവിടുകയാണ്,ഒരിക്കൽ കൈവിട്ടാൽ പിന്നീടൊരിക്കലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തില്ലെന്നും നരേന്ദ്രമോദി കാംഗ്രയിൽ പറഞ്ഞു.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ കേന്ദ്രവും സംസ്ഥാനവും കൈകോ‌ർത്തുള്ള വികസനം നടപ്പിൽ വരില്ല. ഡബിൾ എഞ്ചിൻ സ‌ർക്കാർ തുടരണമെന്നും മോദി ചാമ്പിയിൽ നടത്തിയ റാലിയിൽ ആവ‌ർത്തിച്ചു പറഞ്ഞു. പ്രധാനമന്ത്രി ഇന്നും നാളെയും ഹിമാചലിൽ തുടരും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്. ഹിമാചലിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഖാർഗെ എത്തിയതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഹിമാചലിലേത്. ഇന്നലെ മുതിർന്ന നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രവർത്തനം അദ്ദേഹം അവലോകനം ചെയ്തു. രാഹുൽ ഗാന്ധി ഹിമാചലിൽ എത്താത്തതിലുള്ള അതൃപ്തി നേതാക്കൾ ഖാർഗെയെ അറിയിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഹിമാചലിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുകയാണ്.

Related Articles

Latest Articles