ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ വിഷയങ്ങൾ ചർച്ചയിൽ വന്നുവെങ്കിലും ട്രംപിന്റെ ഉറ്റചങ്ങാതിയായ മോദിയെ ബൈഡൻ ഇരു കൈയും നീട്ടി സ്വീകരിച്ച രീതിയാണ് നയതന്ത്ര വിദഗ്ദ്ധർക്കിടയിൽ ചർച്ചയാവുന്നത്. കാരണം ട്രംപിന്റെ ഉറ്റ ചങ്ങാതിമാരായ നെതന്യാഹുവിനെയും സൗദി കിരീടാവകാശിയേയും ബൈഡൻ തണുപ്പൻ മട്ടിലാണ് പ്രസിഡന്റായ ശേഷം പരിഗണിച്ചിരുന്നത്.
ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ ആദ്യം തന്നെ കണ്ണിലെ കരടായത് നെതന്യാഹുവായിരുന്നു. വ്യക്തമായ മുൻതൂക്കം നേടാനാവാതെ അധികാരമൊഴിയാൻ നെതന്യാഹുവിന് കാരണമായത് തന്നെ അമേരിക്കയുടെ ചില തീരുമാനങ്ങളായിരുന്നു. പാലസ്തീനുമായുള്ള വിഷയങ്ങളിലെ ശ്രദ്ധ തിരിക്കുന്നതിനായി ട്രംപ് മുൻ കൈ എടുത്തു അറബ് രാജ്യങ്ങളുമായി ഇസ്രായേലിന്റെ ബന്ധം ഊഷ്മളമാക്കുവാൻ ശ്രമിച്ചിരുന്നു. സമാധാന പ്രിയനെന്ന തരത്തിൽ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ട്രംപിനുണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ബൈഡൻ വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബൈഡനും നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ഭരണത്തിൽ നിന്നും പുറത്ത് പോയത് മുതൽ ബൈഡനെ നിശിതമായി വിമർശിക്കുന്നതും നെതന്യാഹു ശീലമാക്കിയിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വച്ച് സ്വീകരിച്ച ജോ ബൈഡൻ സംസാരിക്കാൻ താത്പര്യം കാണിക്കാതെ ഉറങ്ങിയതായും നെതന്യാഹു വീഡിയോ ഷെയർ ചെയ്ത് ആരോപിച്ചിരുന്നു.
ട്രംപിന്റെ ഉറ്റ ചങ്ങാതിയായ ഇസ്രായേൽ മുൻ ഭരണാധികാരിക്കുണ്ടായ അതേ അവസ്ഥയാണ് എംബിഎസ് എന്നറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബൈഡൻ ഭരണകൂടത്തിൽ നിന്നും ഏൽക്കേണ്ടി വന്നത്. രാജാവായി ഔദ്യോഗികമായി ചുമതല ഇനിയും ഏൽക്കാത്ത കിരീടാവകാശിയായ സൽമാൻ രാജകുമാരനുമായി ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യാൻ താത്പര്യമില്ലെന്ന നിലപാടാണ് ആദ്യം മുതൽക്ക് ബൈഡൻ സ്വീകരിച്ചത്. ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നും നയതന്ത്ര വിദഗ്ദ്ധർ നിരീക്ഷിച്ചിരുന്നു. തുർക്കിയിൽ വച്ച് മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിയുടെ പങ്ക് മറയ്ക്കാൻ ട്രംപിന്റെയത്ര താത്പര്യം ബൈഡൻ കാണിച്ചതും ഇല്ല. ഇതിന് പുറമേ 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ സൗദി അറേബ്യൻ പൗരൻമാരുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചയും ഇരു രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടിയായി. സൗദി അറേബ്യയ്ക്ക് പുറമേ യുഎഇയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബൈഡന്റെ അപ്രിയത്തിന് പാത്രമായി. യു എ ഇയിലേക്കുള്ള എഫ് 35 ജെറ്റുകളുടെ 23 ബില്യൺ ഡോളറിന്റെ വിൽപ്പന അനിശ്ചിതത്വത്തിലാണ്.
ട്രംപിനൊപ്പം ചേർന്ന് നിന്ന ലോക നേതാക്കളെ കൈയകലത്തിൽ ബൈഡൻ നിർത്തിയപ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച് നിർത്താൻ ബൈഡൻ തയ്യാറായി, അദ്ദേഹത്തിന്റെ നർമ്മം കലർന്ന സംസാരത്തിൽ പൊട്ടിച്ചിരിക്കുകയും ചെയ്തു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പര്യടനം വരെ നടത്തിയെന്ന് വിമർശകർ ആരോപിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയോട് ബൈഡൻ ഇത്രയും സ്‌നേഹ വായ്‌പോടെ പെരുമാറണമെങ്കിൽ അതിന് പിന്നിൽ ചില കാരണങ്ങളുണ്ടാവും എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ചും അമേരിക്കയുടെ ശ്രദ്ധ വീണ്ടും ഇന്തോ പസഫിക്കിലേക്ക് നീളുമ്പോൾ ചൈനയെ മെരുക്കാൻ ഇന്ത്യയിലൂടെയുള്ള വഴികളാണ് അമേരിക്ക തേടുന്നത്. ഇന്ത്യയെ ഒഴിവാക്കി ചൈനയെ നേരിടാം എന്ന ചിന്ത അമേരിക്കയ്ക്ക് ഇല്ല എന്നും ഇത് അർത്ഥമാക്കുന്നുണ്ട്.
ഇനിയുള്ള നാളുകളിൽ ഇന്ത്യയ്ക്ക് അമേരിക്കയെ അല്ല അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹകരണമാണ് ആവശ്യമായി വരുന്നത്. കിഴക്കൻ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാൻ, തായ്വാനുമായും ഇന്ത്യയ്ക്ക് മികച്ച സഹകരണമാണുള്ളത്. ഇന്ത്യയെ പിണക്കിയാൽ നേട്ടം റഷ്യയ്ക്കാണെന്ന ഭൂതകാല ചരിത്രവും അമേരിക്കയ്ക്ക് മുന്നിലുണ്ട്. കൊവിഡ് നൽകിയ ഒരു ഇടവേളയ്ക്ക് ശേഷം പര്യടനം കുറിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലോകനേതാവായി സ്വയം ഉയർത്തിക്കാട്ടാൻ അമേരിക്കയിലെ സന്ദർശനം കൊണ്ടായി.

