ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ന് വെർച്വൽ കൂടിക്കാഴ്‌ച്ച ചേരും. ഭാരതവും അമേരിക്കയും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും വേണ്ടിയാണ് കൂടിക്കാഴ്‌ച്ച നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കൂടിക്കാഴ്‌ച്ചയെ സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ റഷ്യ- യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി-ബൈഡൻ കൂടിക്കാഴ്‌ച്ചയെ ഉറ്റുനോക്കുകയാണ് ലോകം.
അതേസമയം ഇരുവരുടെയും കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക സഹകരണം ശക്തമാക്കുക, ഇരു സർക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നിവയാണ്. കൂടാതെ ലോകത്തെ നിശ്ചലമാക്കിയ കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തൽ, അന്താരാഷ്‌ട്ര നിയമങ്ങളിൽ തടസ്സങ്ങൾ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയും യോഗത്തിൽ ചർച്ചയാകും.
മാത്രമല്ല യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ സംബന്ധിച്ചും അത് ആഗോള തലത്തിൽ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും അമേരിക്ക കൂടുതൽ വിവരങ്ങൾ തേടുമെന്നും. ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിക്കും എന്നുമുള്ള റിപ്പാർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രസിഡന്റ് ബൈഡൻ അവസാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നത് മാർച്ചിലെ ക്വാഡ് നേതാക്കളുമായുള്ള യോഗത്തിലായിരുന്നു.

