Monday, January 5, 2026

അതിര്‍ത്തിയില്‍ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ തക്ക മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി; രാജ്യസുരക്ഷ തന്നെ പ്രധാനകാര്യം

ജയ്‌സാല്‍മീര്‍: രാജ്യസുരക്ഷ തന്നെയാണ് പ്രധാനണമെന്നും അതിര്‍ത്തിയില്‍ ആരെങ്കിലും പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ലോംഗേവാലയിലെ ജയ്‌സാല്‍മീറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തിനെത്തിയ പ്രധാനമന്ത്രി അവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യം തന്റെ കുടുംബമാണെന്നും അതുകൊണ്ടാണ് ദീപാവലി എല്ലാത്തവണയും സൈനികര്‍ക്കൊപ്പം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്നവരാണ് സൈനികര്‍. ദീപാവലി ആഘോഷം പൂര്‍ണമാകുന്നത് സൈനികര്‍ക്കൊപ്പം ആഘോഷിക്കുമ്പോഴാണ്. സമാനകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകര്‍ക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിയ്ക്കും കഴിയില്ല. അതിര്‍ത്തിയില്‍ പാകിസ്താന്‍ കണ്ടത് നമ്മുടെ സൈനികരുടെ ശൗര്യമാണ്. പാകിസ്താന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്‍ത്തെറിഞ്ഞു. പാകിസ്താന് ഇന്ത്യന്‍ സൈന്യം തക്ക മറുപടി നല്‍കിയെന്നും സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ സിയാച്ചിനില്‍ ദീപാവലി ആഘോഷിക്കാന്‍ എടുത്ത തീരുമാനത്തെ പലരും വിമര്‍ശിച്ചിരുന്നു എന്നാല്‍ സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് താന്‍ കരുതുന്നതായും സൈനികരുടേത് സമാനതകളില്ലാത്ത ധൈര്യമാണെന്നും മോദി പറഞ്ഞു. താന്‍ എല്ലാവര്‍ക്കും മധുരം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അത് ഞാന്‍ കൊണ്ടുവന്നതല്ല 130 കോടി ഇന്ത്യാക്കാര്‍ നല്‍കുന്നതാണെന്നും മോദി പറഞ്ഞു. സൈനികരുടെ സന്തോഷം കാണുമ്പോള്‍ തന്റേയും സന്തോഷം ഇരട്ടിക്കുന്നു. എല്ലാ ഇന്ത്യാക്കാരുടേയും ദീപാവലി ആശംസകള്‍ സൈനികര്‍ക്ക് നല്‍കുന്നു.- മോദി പറഞ്ഞു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം. നരവനേ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന എന്നിവരും ജയ്‌സാല്‍മീറില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ എല്ലാ വര്‍ഷവും സൈനികര്‍ക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത്. ജമ്മു കഷ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ക്കൊപ്പമാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം ദീപാവലി ആഘോഷിച്ചത്.

Related Articles

Latest Articles