Saturday, January 10, 2026

ഭരണം മെച്ചപ്പെടുത്താൻ 77 മന്ത്രിമാരെ 8 ഗ്രൂപ്പുകളായി തിരിച്ച് മോദി സർക്കാർ

ദില്ലി: കേന്ദ്ര തലത്തില്‍ പുതിയ മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പുതിയ സംഘങ്ങള്‍ രൂപീകരിക്കാനാണ് നീക്കം.

ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ പ്രൊഫഷണലുകളുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായത്തോടെ മന്ത്രിമാരുടെ 8 ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

77 മന്ത്രിമാരെ ഇത്തരത്തില്‍ ഗ്രൂപ്പുകളായി തിരിച്ച് ഈ ടീമിലേക്ക് പ്രൊഫഷണലുകളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. 9 മുതല്‍ 10 മന്ത്രിമാര്‍ വരെയുണ്ടാവുന്ന ഓരോ ഗ്രൂപ്പിന്റേയും ചുമതല ഒരു കേന്ദ്രമന്ത്രിമാര്‍ക്കായിരിക്കും.

സര്‍ക്കാരിന് കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും കൈവരിക്കാനാണ് പുതിയ മാറ്റം നടപ്പാക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പൂരി, നരേന്ദ്ര സിംഗ് തോമര്‍, പിയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി, അനുരാഗ് താക്കൂര്‍ എന്നിവര്‍ ഗ്രൂപ്പുകളുടെ ചുമതല വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട നേതൃത്വത്തില്‍ 5 മണിക്കൂര്‍ വരെ നീണ്ട യോഗങ്ങള്‍ക്ക് ശേഷമാണ് 8 ഗ്രൂപ്പുകളും രൂപീകരിച്ചത്.

യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായാണ് വിവരം. വ്യക്തിപരമായ കാര്യക്ഷമത ഉറപ്പാക്കാനും പരിപാടികള്‍ കൃത്യമായി നടപ്പാക്കാനും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം, ഓഹരി ഉടമകളുമായുള്ള ഇടപെടല്‍, പാര്‍ട്ടി ഏകോപനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചാവിഷയങ്ങളായി.

”ചിന്തന്‍ ശിവിര്‍സ്” (മസ്തിഷ്‌ക പ്രക്ഷാളനം) എന്ന് വിശേഷിപ്പിക്കപ്പെട്ട സെഷനുകളില്‍ അവസാനത്തേതില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും പങ്കെടുത്തു.

Related Articles

Latest Articles