Saturday, May 18, 2024
spot_img

വോട്ടർമാരോട് നന്ദിപറഞ്ഞ് മോദി, ജനവിധി വിനയത്തോടെ സ്വീകരിക്കുന്നെന്ന് രാഹുൽ

ദില്ലി: ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് മോദിയും ജനവിധി വിനീതമായി സ്വീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

ബി.ജെ.പി.യുടെ ഐതിഹാസിക വിജയം കാണുമ്പോള്‍ വൈകാരികമായ ഒരവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ജനം വികസന രാഷ്ട്രീയത്തെ അനുഗ്രഹിക്കുകയും തുടര്‍ഭരണത്തിന് ആഗ്രഹിക്കുകയും ചെയ്‌തെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി കഠിനമായി പ്രയത്‌നിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ഗുജറാത്തിലെ ജനവിധിയെ വിനീതമായി സ്വീകരിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ആദര്‍ശത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ട്വീറ്ററിൽ കുറിച്ചു.

ചരിത്ര വിജയമാണ് ഗുജറാത്തില്‍ ബി.ജെ.പി. നേടിയത്. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാം തവണയും ബി.ജെ.പി. അവിടെ അധികാരത്തിലെത്തി. 2017-ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകളിൽ വിജയമൊതുക്കേണ്ടി വന്നു. അഞ്ച് സീറ്റുകളുമായി എ.എ.പി. ഗുജറാത്തില്‍ അക്കൗണ്ട് തുറന്നു.

Related Articles

Latest Articles