Saturday, January 10, 2026

ഒഡീഷ സര്‍ക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി: 1000 കോടിയുടെ അധിക സഹായം


ഭുവനേശ്വര്‍: ഒഡീഷയിലെ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്,കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ ധനസഹായമായി നേരത്തെ അനുവദിച്ച 381 കോടി രൂപക്ക് പുറമേ അധികമായി 1000 കോടി കൂടി അനുവദിക്കാന്‍ തീരുമാനമായി.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സമചിത്തതയോടെ ഫോനി ദുരന്തത്തെ നേരിട്ട ഒഡിഷ സര്‍ക്കാരിനെയും ,ജനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലെ തീരദേശ മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമപര്യടനം നടത്തി.
ഫോനിയില്‍ നിന്നും കരകയറാന്‍ ഒഡീഷ സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

അതേസമയം ഫോനി ദുരന്തം നേരിട്ട പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വേണ്ടെന്ന മമത സര്‍ക്കാരിന്റെ തീരുമാനം വിവാദമാവുകയാണ് . ബംഗാളിലെ തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ ദുരന്ത നിവാരണം സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഇല്ലെന്നാണ് മമത സര്‍ക്കാരിന്റ വാദം

Related Articles

Latest Articles