കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും.
അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലേക്കാണ് തിരിക്കുക. 45 മണിക്കൂർ വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ നിരാഹാരം വ്രതം അനുഷ്ഠിച്ചായിരുന്നു ധ്യാനം. കന്യാകുമാരിയിൽ കനത്ത സുരക്ഷാവലയമാണ് പോലീസ് തീർത്തിരിക്കുന്നത്. 2000ത്തിലധികം പോലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.
അവസാനഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. ധ്യാനത്തിന് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കേർപ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ധ്യാനമിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

