തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ സതേൺ നേവൽ കമാൻഡിന്റെ നേവൽ എയർ സ്റ്റേഷനായ ഐഎൻഎസ് ഗരുഡയിൽ നിന്ന് സേക്രട്ട് ഹാർട്ട് കോളജ് വരെ നടത്തുന്ന റോഡ് ഷോയിൽ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അവലോകനയോഗത്തിൽ ഭിന്നാഭിപ്രായം. റോഡ് ഷോയിൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുന്നതിലുള്ള ആശങ്ക പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കുവച്ചു. എന്നാൽ പൊലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ അഭിപ്രായം.
റോഡ് ഷോയ്ക്ക് ശേഷം കോളേജ് ഗ്രൗണ്ടിൽ ‘യുവം’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ പരിപാടികളുടെ നടത്തിപ്പ് വിലയിരുത്താനായാണ് ഓൺലൈനായി യോഗം ചേർന്നത്. ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, തിരുവനന്തപുരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർമാർ, സോൺ ഐജിമാർ, സുരക്ഷാ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റോഡ് ഷോയിൽ ആളുകൾ കൂടുന്നതിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ മാത്രമേ പ്രവർത്തകർ ഉണ്ടാകൂ എന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു. എന്നാൽ, പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആളുകൾ വരാൻ സാധ്യതയുണ്ടെന്നും നിയന്ത്രണം ഏർപ്പെടുത്തണമെന്നും എഡിജിപി വ്യക്തമാക്കി. വാഹനങ്ങളിൽ ആളുകളെ കൊണ്ടുവരുന്നില്ലെന്നും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങൾ റോഡരികിൽ തടിച്ചു കൂടിയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിൽ റജിസ്റ്റർ ചെയ്ത ആളുകളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി വേദി വിട്ട ശേഷം നിശ്ചിത സമയം കഴിഞ്ഞു മാത്രമേ ഗ്രൗണ്ടിലെ ആളുകളെ പുറത്തേക്ക് വിടാവൂ എന്ന് പൊലീസ് അഭിപ്രായപ്പെട്ടു. എന്നാൽ കടുത്ത ചൂടുള്ള കാലാവസ്ഥയിൽ ജനങ്ങളെ പിടിച്ചിരുത്താനാകുമോ എന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിജെപി നേതൃത്വം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുമായി ചർച്ച നടത്തും

