Wednesday, May 15, 2024
spot_img

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ.. ;നിര്യാണത്തിൽ അനുശോചനവുമായി മോഹൻലാൽ

നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു മാമുക്കോയയെന്നും മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി മാമുക്കോയ വെള്ളിത്തിരയിൽ അവതരിപ്പിച്ചുവെന്നും ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ മോഹൻലാൽ പറഞ്ഞു. വെള്ളാനകളുടെ നാട്, നാടോടിക്കാറ്റ്,ചന്ദ്രലേഖ,നരൻ തുടങ്ങിയ ഒട്ടനവധി സിനിമകളിലെ മോഹൻലാൽ – മാമുക്കോയ കൂട്ട് കെട്ട് മലയാളി ഹൃദയം കൊണ്ട് സ്വീകരിച്ചതാണ്.

മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ, ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവിടെ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.05നായിരുന്നു അന്ത്യം സംഭവിച്ചത്. കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം ഇപ്പോൾ പൊതുദർശനം നടന്ന് കൊണ്ടിരിക്കുകയാണ്. കബറടക്കം നാളെ 10 ന് കണ്ണമ്പറമ്പ് ശ്മശാനത്തിൽ നടക്കും.

മോഹൻലാൽ പങ്കുവച്ച കുറിപ്പ് വായിക്കാം

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ…

Related Articles

Latest Articles