ആലപ്പുഴ: കഠിനമായ വേനലിൽ കുടിവെള്ളത്തിനായി വലയുന്ന കുട്ടനാടൻ ജനതയ്ക്ക് വിഷുദിനത്തിൽ സ്നേഹസമ്മാനവുമായി നടൻ മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷനും. കുട്ടനാട്ടിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ വിശ്വശാന്തി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘ശാന്തിതീർത്ഥം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച മൂന്ന് സോളാർ ഓട്ടോമേറ്റഡ് ആർ.ഒ (RO) പ്ലാന്റുകൾ വിഷുദിനമായ ഏപ്രിൽ 14-ന് പ്രവർത്തനമാരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ ഈ ബൃഹദ് സംരംഭം പൂർത്തിയാക്കിയത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സോളാർ ഊർജ്ജത്തിലാണ് ഈ പ്ലാന്റുകൾ പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിലൂടെ വൈദ്യുതി തടസ്സങ്ങൾ ബാധിക്കാതെ തന്നെ ജനങ്ങൾക്ക് ശുദ്ധജലം ശേഖരിക്കാൻ സാധിക്കും. കുട്ടനാട്ടിലെ കണ്ടങ്കരി, മുരിക്കോൽ മുട്ട, നെടുമുടി വാർഡുകളിലെ പ്രദേശവാസികൾക്കാണ് പദ്ധതിയുടെ ആദ്യഘട്ട പ്രയോജനം ലഭിക്കുന്നത്. ഏകദേശം ആയിരത്തോളം കുടുംബങ്ങളിലെ നാലായിരത്തിലധികം ആളുകൾക്ക് നേരിട്ട് ഇതിന്റെ ഗുണം ലഭിക്കും.
ഓരോ കുടുംബത്തിനും പ്രതിദിനം 20 ലിറ്റർ കുടിവെള്ളം പ്ലാന്റുകളിൽ നിന്ന് സൗജന്യമായി ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്ന കുട്ടനാട്ടുകാർക്ക് വലിയൊരു ആശ്വാസമാവുകയാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ഈ കരുതൽ.കുട്ടനാട്ടിലെ തന്റെ പ്രിയപ്പെട്ട ജനങ്ങൾക്കായി സമർപ്പിക്കുന്ന വിഷുക്കൈനീട്ടമാണ് ഈ പദ്ധതിയെന്ന് മോഹൻലാൽ സന്ദേശത്തിലൂടെ വ്യക്തമാക്കി.

