Thursday, June 6, 2024
spot_img

ലോക കേരളസഭ മേഖലാസമ്മേളനത്തിലെ പണപ്പിരിവ് വൻ വിവാദത്തിൽ; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് കാണിച്ചുകൊടുക്കുന്ന പരിപാടിയാണിതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : അമേരിക്കയില്‍ വച്ച് നടത്തുന്ന ലോക കേരള സഭ മേഖലാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപേ വിവാദത്തിൽ. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. ഒരു ലക്ഷം ഡോളറിന്റെ ഗോള്‍ഡ് പാക്കേജ് സ്പോൺസർഷിപ്പാണ് ഒരാൾ തെരഞ്ഞെടുക്കുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയില്‍ ഇരിക്കാം, വിരുന്നുണ്ണാം. രണ്ട് സ്യൂട്ട് മുറികളും അനുവദിക്കും. കൂടാതെ ബാനറും പ്രദര്‍ശിപ്പിക്കും. സുവനീറില്‍ രണ്ടു പേജ് പരസ്യവും ലഭിക്കും. ഇതിന് പുറമെ അന്‍പതിനായിരം ഡോളറിന്റെ സില്‍വര്‍ പാക്കേജും ഇരുപത്തയ്യായിരം ഡോളറിന്റെ ബ്രോണ്‍സ് പാക്കേജുമുണ്ട്. പണപ്പിരിവിന്റെ കാര്യം സമ്മതിക്കുന്നുവെങ്കിലും അതുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം.

പണപ്പിരിവ് വിവാദമായതോടെ രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പ്രവാസികളെ മുഴുവന്‍ പണത്തിന്റെ അടിസ്ഥാനത്തില്‍ തിരിക്കുകയാണെന്നും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് കാണിച്ചുകൊടുക്കുന്ന പരിപാടിയാണിതെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

ജൂണ്‍ ഒന്‍പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സമ്മേളനം നടത്താന്‍ ഒരു സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതിയാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാണ് വിവിധ നിരക്കുകളിലുള്ള പാസുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗോള്‍ഡ് (82 ലക്ഷം രൂപ), സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് പാസുകള്‍. അതേസമയം പണപ്പിരിവ് നടക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിക്കുന്നുവെങ്കിലും വിഷയത്തിൽ ഇടപെടാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ലോക കേരള സഭയിലാണ് മേഖലാ സമ്മേളനങ്ങള്‍ നടത്തണമെന്ന് തീരുമാനം ഉണ്ടായത്. അത് പ്രവാസി സംഘടനകളാണ് മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ പ്രവാസി സംഘടന അവിടെ മേഖലാ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്.

അതേസമയം നോര്‍ക്കയ്ക്ക് പണപ്പിരിവുമായി ബന്ധമില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോക കേരള സഭയുടെ ചെലവ് വഹിക്കുന്നത് പ്രാദേശിക സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles