തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമായിരുന്നു തിരുവനന്തപുരം മണ്ഡലത്തിൽ നടന്നത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വിയർത്ത് കുളിച്ചാണ് നിലവിലെ എംപി കൂടിയായ ശശി തരൂർ വിജയിച്ചത്. കണക്കുകൾ പരിശോധിക്കുമ്പോൾ മണ്ഡലത്തിലെ പല ബൂത്തുകളിലും മൂന്നാം സ്ഥാനത്തേക്ക് ഇടതുമുന്നണി കൂപ്പുകുത്തുകയും ഇടത് മന്ത്രിമാരുടെയും മേയർ ആര്യാ രാജേന്ദ്രന്റെയും ബൂത്തിൽ വരെ ബിജെപി ഒന്നാമതെത്തുകയും ചെയ്തു.
നേമം എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയുടെ പെരുന്താന്നി ബൂത്തിൽ 335-ലധികം വോട്ടാണ് ബിജെപി നേടിയത്. അവിടെ 87 വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ ബൂത്തിൽ 522 വോട്ട് ബിജെപി നേടിയപ്പോൾ 161 വോട്ടിലേക്ക് എൽഡിഎഫ് കൂപ്പുകുത്തി. അതേസമയം, മേയർ ആര്യാ രാജേന്ദ്രന്റെ ബൂത്തിൽ 770 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കടകംപിള്ളി സുരേന്ദ്രന്റെ കരിക്കകം വാർഡിൽ 346 വോട്ടിന്റെ ലീഡും ബിജെപി നേടിയെടുത്തു. എന്തായാലും തലസ്ഥാന നഗരിയിൽ ബിജെപിക്ക് ഉണ്ടായ ജനപ്രീതിയാണ് കണക്കുകളിൽ നിന്നും മനസിലാകുന്നത്.

