കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോന്‍സണ്‍ മാവുങ്കലിൻറെ ദൃശ്യങ്ങള്‍ പുറത്ത്. ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസില്‍ വിവരശേഖരണത്തിനായി എത്തിയ ഡിവൈഎസ്പി അടങ്ങുന്ന സംഘത്തോടാണ് മോന്‍സന്‍ കയര്‍ത്ത് സംസാരിച്ചത്. വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ല എന്നായിരുന്നു മോന്‍സന്‍റെ നിലപാട്. തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് മോന്‍സന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയവരെയാണ് മോന്‍സന്‍ ഭീഷണിപ്പെടുത്തുന്നത്. രണ്ടുമാസം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തെ തുടർന്ന് ചേർത്തല സി.ഐ. ശ്രീകുമാറിനെ സ്ഥലം മാറ്റി. നേരത്തെ മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയത്തിലെ വിഷ്ണുവിന്‍റെ വിശ്വരൂപം ഉൾപ്പെടെ എട്ട് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.ശിൽപ്പി സുരേഷ് നിർമിച്ച് നൽകിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

