Tuesday, September 22, 2026

ഹംസഫര്‍ എക്‌സ്പ്രസില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും; തത്കാല്‍ നിരക്കില്‍ കുറവ് വരുത്താനും തീരുമാനം

ദില്ലി: വടക്കന്‍ മേഖലാ റെയില്‍വേ ഹംസഫര്‍ എക്സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഘടിപ്പിച്ച് സര്‍വീസ് ആരംഭിച്ചു. നിരക്ക് കൂടിയ തേഡ് എസി കോച്ചുകള്‍ മാത്രമുളള ഹംസഫര്‍ എക്സ്പ്രസിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് സ്ലീപ്പര്‍ കോച്ചുകളെത്തുന്നത്.

ഹംസഫര്‍ എക്‌സ്പ്രസ് സര്‍വീസുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഘടിപ്പിക്കാന്‍ സോണല്‍ മാനേജര്‍മാര്‍ക്ക് റെയില്‍വേ അധികാരം നല്‍കിയിട്ടുണ്ട്. ആദ്യമായി ആനന്ദ് വിഹാര്‍-അലഹബാദ് ഹംസഫര്‍ എക്‌സ്പ്രസിലാണ് നാല് സ്ലീപ്പര്‍ കോച്ചുകള്‍ ഘടിപ്പിച്ച് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് സ്ലീപ്പര്‍ കോച്ചുകളുമായി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

ഇതോടൊപ്പം തത്കാല്‍ നിരക്കില്‍ കുറവ് വരുത്താനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാവുന്ന രാജ്യത്തെ 141 ട്രെയിനുകളില്‍ ഉള്‍പ്പെടുന്നവയാണ് ഹംസഫര്‍ എക്‌സ്പ്രസ്.

കേരളത്തിലേക്ക് രണ്ട് ഹംസഫര്‍ എക്സ്പ്രസ് സര്‍വീസുകളാണുള്ളത്. ആഴ്ചയില്‍ രണ്ട് തവണ വീതം സര്‍വീസ് നടത്തുന്ന കൊച്ചുവേളി ബാനസ്വാഡി (ബംഗളുരു), ബാനസ്വാഡി -കൊച്ചുവേളി ട്രെയിനുകളും ആഴ്ചയില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്ന തിരുനെല്‍വേലി ഗാന്ധിധാം, ഗാന്ധിധാം-തിരുനെല്‍വേലി ട്രെയിനുകളുമാണ് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ട് ഹംസഫര്‍ എക്സ്പ്രസ് സര്‍വീസുകള്‍.

Related Articles

Latest Articles