Friday, January 9, 2026

യാത്രക്കാരേറുന്നു !! കഴിഞ്ഞ 10 ദിവസവും പ്രതിദിനം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം ആളുകൾ ; അധിക സർവീസ് ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി : യാത്രക്കാരുടെ എണ്ണമേറിയതോടെ കൊച്ചി മെട്രോ കൂടുതൽ സർവീസുകൾ ആരംഭിക്കും. കഴിഞ്ഞ 10 ദിവസവും ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ഇക്കാര്യം കണക്കിലെടുത്താണ് അധിക സർവീസ് ആരംഭിക്കാൻ തീരുമാനമായത്. കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള 1.64 കോടി പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ജൂലൈ 1 മുതൽ 11 വരെ ഏകദേശം 12 ലക്ഷം പേരും മെട്രോയിൽ സഞ്ചരിച്ചു.

2 ട്രെയിനുകൾ കൂടി അധികമായി ഓടിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം. ഈ മാസം 15 മുതൽ ഇതനുസരിച്ച് 12 ട്രിപ്പുകൾ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതൽ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും കൊച്ചി മെട്രോ നടത്തുക. 3 കോച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ടു ട്രെയിനുകൾ തമ്മിലുള്ള കാത്തിരിപ്പു സമയം നിലവിൽ 7 മിനിറ്റും 45 സെക്കൻഡുമാണ്. രണ്ടു ട്രെയിനുകൾ കൂടി അധികമായി വരുന്നതോടെ കാത്തിരിപ്പു സമയം 7 മിനിറ്റായി കുറയും.

കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ ഐഎസ്എൽ അടക്കമുള്ള മത്സരങ്ങൾ ഉള്ളപ്പോഴും മറ്റ് വിശേഷ ദിവസങ്ങളിലും കൊച്ചി മെട്രോ അധിക സര്‍വീസുകൾ നടത്താറുണ്ട്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇത് സ്ഥിരമാക്കാനാണ് തീരുമാനം.

Related Articles

Latest Articles