Monday, May 20, 2024
spot_img

ഗാംഗുലി ‘പണി തുടങ്ങി’; ഇനി കൂടുതൽ ടെസ്റ്റ് പരിചയമുള്ളയാളേ ചീഫ് സെലക്ടറാകൂ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടറെ തിരഞ്ഞെടുക്കുന്നതിൽ നിർണായക തീരുമാനവുമായി ബി സി സി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. പുതിയ മാനദണ്ഡപ്രകാരം കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളയാളാകും ഇനിമുതല്‍ സെലക്ഷന്‍ കമ്മിറ്റിയെ നയിക്കുകയെന്ന് ഗാംഗുലി വ്യക്തമാക്കി. സെലക്ഷൻ കമ്മിറ്റിയിലുള്ളവർക്ക് മതിയായ മത്സരപരിചയമില്ലെന്ന പതിവ് വിമർശനത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

സെലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും ഇനിമുതല്‍ ചെയര്‍മാനാകുകയെന്നും ഗാംഗുലി പറഞ്ഞു. ഇതോടെ, പുതിയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവരിൽ വെങ്കിടേഷ് പ്രസാദ്, അജിത് അഗാർക്കർ തുടങ്ങിയവർക്ക് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത വർധിച്ചു.

സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പുതിയ ഉപദേശിക സമിതിയെ ബി സി സി ഐ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. മുൻ താരങ്ങളായ മദൻലാൽ, ആർ പി. സിങ്, വനിതാ ക്രിക്കറ്റ് ടീം അംഗമായിരുന്ന സുൽകാഷന നായിക് എന്നിവരാണ് സമിതിയംഗങ്ങൾ. ഒരു വർഷത്തേക്കാണ് ഇവരുടെ നിയമനം. നിലവിലയെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷൻ എം എസ് കെ. പ്രസാദ്, കമ്മിറ്റി അംഗം ഗഗൻ ഖോഡ എന്നിവരുടെ കാലാവധി ഉടൻ അവസാനിക്കുകയാണ്.

Related Articles

Latest Articles