Sunday, May 19, 2024
spot_img

ജപ്തി ഭയന്ന് തീകൊളുത്തി മരിച്ച അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്; ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് നാട്ടുകാര്‍

ജപ്തി ഭയന്ന് തീകൊളുത്തി മരിച്ച അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്; ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃത​ദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മകള്‍ മരിച്ചശേഷവും പണം ചോദിച്ച്‌ ബാങ്ക് അധികൃതര്‍ വിളിച്ചിരുന്നെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ ആരോപിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചെന്നും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് ഇന്ന് ജപ്തി ചെയ്യാനിരിക്കുകായാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി തല്‍ക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

പൊള്ളലേറ്റ ഇരുവരെയും ഉടന്‍തന്നെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് നൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപയാണ് ഇവര്‍ വായ്പയെടുത്തിരുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയന്നത്. ജപ്തി നടപടികളുമായി ബാങ്കുകാര്‍ നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു

Related Articles

Latest Articles