കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും പോലീസ് ഉദ്യോഗസ്ഥനും സസ്‌പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെൻഡ്ചെയ്തു. പ്രതി രാഹുലിനെ രാജ്യം വിടാൻ ഇയാൾ സഹായിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേസിൽ വധശ്രമകുറ്റം അടക്കം ചുമത്താനുള്ള നീക്കം ഇയാൾ പ്രതിക്ക് ചോർത്തി നൽകി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിന്റെ അടുത്ത സുഹൃത്താണ് ശരത്.
ചെക്പോസ്റ്റ് പരിശോധന മറികടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണവിധേയനായ പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ് ചെയ്തിരുന്നു.
സരിനെ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി നിലവിൽ ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്.

