തിരുവനന്തപുരം: പട്ടിണി മൂലം മക്കൾ മണ്ണ് വാരി തിന്നതോടെ യുവതി കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്ക് റെയിൽവെ പുറമ്പോക്കിൽ താമസിക്കുന്ന യുവതിയാണ് തന്‍റെ ആറുമക്കളിൽ നാലുപേരെ ശിശുക്ഷേമ സമതിക്ക് കൈമാറിയത്.
മക്കളെ ഏല്‍പ്പിക്കാന്‍ യുവതി തിരുവനന്തപുരം ശിശുക്ഷേമ സമതിക്ക് അപേക്ഷ നല്‍കിയതോടെയാണ് നമ്പര്‍ വണ്‍ കേരളത്തില്‍ നടന്ന നെറ്റിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. അപേക്ഷ സ്വീകരിച്ച അധികൃതർ നാല് കുട്ടികളെ ഏറ്റെടുത്തു. ഇവരെ തൈക്കാട് അമ്മത്തൊട്ടിലിലേക്ക് അയച്ചു. മൂന്ന് മാസവും, ഒന്നര വയസും പ്രായമുള്ള കുട്ടികളെ അമ്മയ്‌ക്കൊപ്പം വിട്ടു.
വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ആറ് കുട്ടികളാണ് ഇവർക്ക്. മൂത്തയാൾക്ക് 7 വയസും ഏറ്റവും ഇളയ ആൾക്ക് മൂന്ന് മാസവുമാണ് പ്രായം. ടാർപോളിൻ കെട്ടിമറച്ച ഒരു കുടിലിലാണ് അമ്മയും ആറ് കുട്ടികളും താമസിച്ചിരുന്നത്.
സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു.
മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്.
തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. അതേസമയം സംഭവത്തില്‍ അമ്മയ്ക്ക് താല്‍കാലിക ജോലി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു . പണിപൂര്‍ത്തിയായ ഒരു ഫ്ലാറ്റ് അടിയന്തരമായി ഇവര്‍ക്ക് നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ അറിയിച്ചു.

