കുവൈത്ത് സിറ്റി: മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം വീട്ടിലെ ബാത്ത്റൂമില്‍ ഒളിപ്പിച്ചുവെച്ച 60 വയസുകാരി അറസ്റ്റില്‍. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് സംഘം വീട് പരിശോധിച്ചപ്പോള്‍, ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്റൂമില്‍ നിന്ന് അസ്ഥികൂടം കണ്ടെടുത്തു.
21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന ഇയാള്‍ തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്‍മെന്റിലെ ബാത്ത്‍റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും പൊലീസിനോട് പറയുകയായിരുന്നു. ഇതനുസരിച്ച് പരിശോധനയ്ക്കായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ പരാതിക്കാരനായ യുവാവിന്റെ സഹോദരനും അമ്മയും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ വാറണ്ടുമായെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൃതദേഹ അവശിഷ്‍ടങ്ങള്‍ കിട്ടിയതോടെ അമ്മയും പൊലീസിനെ തടഞ്ഞ മകനും അറസ്റ്റിലായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. മൃതദേഹ അവശിഷ്‍ടങ്ങള്‍ ശാസ്‍ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. മകളെ താന്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് അമ്മ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമാണ് മകളെ പൂട്ടിയിട്ടതെന്നും ഇവര്‍ പറഞ്ഞു. മകള്‍ മരിച്ചതോടെ പ്രത്യാഘാതം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നാണ് ഇവരുടെ വാദം.
പ്രതിയും ഭര്‍ത്താവും അഞ്ച് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളോടുള്ള ക്രൂരത കാരണമാണ് താന്‍ വിവാഹമോചനം തേടിയതെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം കുടുംബത്തിലെ മറ്റുള്ളവരുടെ മൊഴിയെടുക്കുകയാണ്.

