Sunday, June 16, 2024
spot_img

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്; പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കി

 

പത്തനംതിട്ട: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി, കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്.

ഇതിന്റെ ഭാഗമായി, പത്തനംതിട്ട ആര്‍.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തില്‍ മല്ലപ്പള്ളി താലൂക്കിലെ അറുപതോളം സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധന നടത്തുകയും ന്യൂനതകള്‍ കണ്ടെത്തിയവ പരിഹരിച്ച് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

മാത്രമല്ല ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച 202 സ്‌കൂള്‍ വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.തുടർന്ന് നാളെ കോന്നി സബ് ആര്‍.ടി ഓഫീസിലും സൈക്കോളജി, നിയമം, വാഹനത്തെക്കുറിച്ചുള്ള സാങ്കേതിക അവബോധം എന്നിവയെ അടിസ്ഥാനമാക്കി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കും.

അതേസമയം കഴിഞ്ഞ ബുധനാഴ്ച തിരുവല്ല സബ് ആര്‍.ടി ഓഫീസില്‍ നടത്തിയ ബോധവത്ക്കരണ പരിപാടിയില്‍ 260 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രെയിന്‍ഡ് ഡ്രൈവര്‍ എന്ന ഐ.ഡി കാര്‍ഡ് നല്‍കും. കൂടാതെ വാഹന പരിശോധനാ വേളയില്‍ ഈ കാര്‍ഡ് ധരിച്ചിട്ടില്ലാത്ത ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

Related Articles

Latest Articles