പി വി അൻവറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദവും പിന്നാലെയുണ്ടായ അന്വേഷണവും നേരിടുന്നതിനിടെ എഡിജിപി എം ആർ അജിത് കുമാറിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ഗുരുതരാരോപണവുമായി സ്വർണ കടത്ത് കേസിലെ പ്രതി സരിത്ത് . നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ മറ്റ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് എം ആർ അജിത്ത് കുമാറാണെന്നാണ് സരിത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
“എന്ത് പ്രശ്നങ്ങൾ നേരിട്ടാലും എം ആർ അജിത്ത് കുമാർ സംരക്ഷിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിറഞ്ഞ കാലത്താണ് സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും കൂട്ടാളിയായ സന്ദീപ് നായരെയും അജിത്ത് കുമാർ ബെംഗളൂരുവിൽ എത്തിച്ചത്. സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്ന സന്ദീപുമായി ശിവശങ്കർ ബന്ധപ്പെട്ടിരുന്നു. അതിർത്തി വഴികൾ ശിവശങ്കറിന് അജിത്ത് കുമാർ പറഞ്ഞു കൊടുത്തിരുന്നു. അജിത്ത് സഹായിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു.
എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം ആദ്യം വർക്കല ഭാഗത്തേക്കാണ് പോയത്. തുടർന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം വർക്കലയിലെ ഒരു റിസോർട്ടിലേക്ക് പോയി. പിന്നീട് ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്ന് യാത്ര തിരിക്കുകയായിരുന്നു. തുടർന്ന്, ബെംഗളൂരുവിലേക്ക് പോകുന്നതിനുള്ള കൃത്യമായ റൂട്ട് പറഞ്ഞ് കൊടുത്തത് എംആർ അജിത്ത് കുമാറാണ്.
2022 ജൂൺ എട്ടിന് തന്നെ പിടിച്ചുകൊണ്ടുപോയത് സ്വപ്നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അറിയുന്നതിനായാണ്. പൂജപ്പുര ജയിലിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പരാതി നൽകാൻ ജയിൽ സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി. ED ക്കെതിരെ പരാതി എഴുതി നൽകിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി.” – സരിത്ത് പറയുന്നു.

