മലപ്പുറം: മലപ്പുറത്ത് എം.എസ്.എഫ് ഭാരവാഹികൾക്ക് എതിരെ നടപടി. ഹരിതവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രഹസ്യഗൂഢാലോചന നടത്തി എന്ന പരാതിയിൽ ഭാരവാഹികളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ല ജോയിന്‍റ് സെക്രട്ടറി ടി.പി. നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്‍റ് പി.വി. ഫാഹിം എന്നിവരെയാണ് ജില്ല കമ്മിറ്റി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
രഹസ്യ വാട്സ് ആപ് ഗ്രൂപ്പിലൂടെ പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും ഗൂഢാലോചന നടത്തിയതായി രേഖകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി എന്ന് ജില്ല കമ്മിറ്റി നൽകിയ നോട്ടിസിൽ വ്യക്തമാക്കി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള നേതാക്കൾക്കെതിരെയും വൈകാതെ നടപടിയുണ്ടാവുമെന്നാണ് സൂചന.

